വടക്കഞ്ചേരി: ഇടവമാസം അവസാനമായിട്ടും കാലവർഷം മടിച്ചു നിൽക്കുന്നത് കൃഷിപ്പണികൾക്കു പ്രതിസന്ധിയാകുന്നതായി കർഷകർ. ഒന്നാംവിള നടീലിനായി പാകിയ വിത്ത് മുളയ്ക്കാൻപോലും മഴയില്ലാത്ത സ്ഥിതിയാണ്.
മഴ കിട്ടിയില്ലെങ്കിൽ എല്ലാ വിത്തുകളും മുളക്കില്ല. അത് നടീലിന് ഞാറ്റടിക്ഷാമത്തിന് കാരണമാകുമെന്ന് കൃഷിയിടങ്ങൾ പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുന്ന മംഗലത്തെ കണ്യാർകുന്നത്ത് മോഹനൻ പറഞ്ഞു.
50 ഏക്കറിലാണ് മോഹനൻ ഇക്കുറി നെൽകൃഷി നടത്തുന്നത്. എന്നാൽ യഥാസമയം മഴയില്ലാത്തത് കൃഷി എന്താകുമോ എന്ന ആശങ്കയാണ് മോഹനനെപ്പോലെ മറ്റു കർഷകർക്കുമുള്ളത്.
നിലം ഒരുക്കാനും വെള്ളം വേണം. മുമ്പൊക്കെ വിഷു കഴിഞ്ഞാൽ പൊടി വിതയാണ് പാടങ്ങളിൽ നടത്തിയിരുന്നത്. എന്നാൽ പൊടിവിത നടത്തിയാൽ കള നിറയും. പിന്നെ കളപറിക്കാൻ വരുന്ന ഭീമമായ കൂലി ചെലവ് താങ്ങാവുന്നതല്ലെന്ന് കർഷകർ പറയുന്നു.
അതിനാലാണ് ഒന്നാം വിളയും നടീലാക്കിയത്. മഴ ചതിച്ചാൽ എല്ലാം താളം തെറ്റും. കൂർക്ക, മധുരക്കിഴങ്ങ് തുടങ്ങിയ തലനടീൽ നടത്തിയ കൃഷികൾക്കും മഴക്കുറവ് ബുദ്ധിമുട്ടായിട്ടുണ്ട്.
എല്ലാം നനച്ചു വളർത്തേണ്ട ഗതികേടിലാണ് കർഷകർ. ഡാമുകളിലെ ജലനിരപ്പും ഡെഡ് ലൈനിലാണ്. ജൂൺ മാസമാദ്യം ഡാം നിറഞ്ഞ് ഷട്ടർ തുറക്കുന്ന സംസ്ഥാനത്തെ ഡാമുകളിലൊന്നാണ് മംഗലംഡാം.
എന്നാൽ ഇത്തവണ മംഗലംഡാമിലും ജലനിരപ്പ് ഉയർന്നിട്ടില്ല.66.36 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. സമുദ്രനിരപ്പുമായി കണക്കാക്കുമ്പോൾ ഡാമിലുള്ള വെള്ളം വെറും മൂന്നുമീറ്ററിൽ കൂടുതലേ ഉള്ളു. മുൻവർഷങ്ങളെക്കാൾ വളരെ കുറവാണിതെന്ന് ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ഗോകുൽ പറഞ്ഞു.
തോട്ടം മേഖലയ്ക്കും മഴക്കുറവ് ദോഷകരമാകും. റബർകൃഷി ആദായകരമാകണമെങ്കിലും നല്ല മഴ പെയ്ത് ഭൂമി തണുക്കണം.